കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ബംഗാളിൽ വ്യാപക സംഘർഷം.
ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനസ് ജില്ലയിലെ ദോൽടാല മേഖലയിൽ ബൈക്കിലെത്തിയ അക്രമികൾ രഥിന്റെ കാർ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. രഥിന്റെ ഡ്രൈവർ ബുദ്ധദേബ് ബേരയ്ക്കും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേനയാക്കിയെങ്കിലും ഗുരുതരാവസ്ഥയിലാണ്.
രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു; ഇവരെ ചോദ്യം ചെയ്യും. നോർത്ത് 24 പർഗനാസ് ജില്ലയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ പിടികൂടാൻ പോലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചു.
സിഐഡിയും അന്വേഷണത്തിന്റെ ഭാഗമാകും. പ്രഫഷണൽ ഷൂട്ടർമാരാണ് ആക്രമണം നടത്തിയതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ആക്രമണസ്ഥലത്തത്തി തെളിവുകൾ ശേഖരിച്ചു.
കോൽക്കത്തയിൽനിന്നു മധ്യംഗ്രാമിലെ വീട്ടിലേക്കു കാറിൽ പോകവേയായിരുന്നു രഥിനെതിരേ (42) ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഭവാനിപുരിൽ സുവേന്ദു അധികാരിക്കെതിരേ മമത ബാനർജി പരാജയപ്പെട്ടതിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന് രഥിന്റെ അമ്മ പറഞ്ഞു.